“There can be only one” (ഒരാൾക്കേ അവശേഷിക്കാനാകൂ).
സിനിമാചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഡയലോഗ് കേൾക്കുമ്പോൾ സിനിമാപ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരേയൊരു മുഖമാണ് – ക്രിസ്റ്റഫർ ലാംബെർട്ടിന്റെ കോണർ മക്ലിയോഡ്. 1986-ൽ പുറത്തിറങ്ങിയ ‘ഹൈലാൻഡർ’ എന്ന കൾട്ട് ക്ലാസിക് ചിത്രം നാൽപ്പതാം വാർഷികത്തിലേക്ക് അടുക്കുമ്പോൾ, എന്തുകൊണ്ടാണ് ആ സിനിമ ഇന്നും സിനിമാസ്വാദകരുടെ മനസ്സിൽ ഒന്നാമനായി നിൽക്കുന്നത്?
1980-കൾ ആക്ഷൻ സിനിമകളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ നിരവധി സിനിമകളിൽ ഒന്നായിരുന്നെങ്കിലും, ചരിത്രവും ഫാന്റസിയും ആധുനിക നഗരജീവിതവും വാൾപ്പയറ്റും ഇഴചേർത്ത ഒരു സവിശേഷ അനുഭവമായിരുന്നു ഹൈലാൻഡർ. റസ്സൽ മൽക്കാഹിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം കാലത്തെ അതിജീവിച്ച് നിൽക്കുന്നതിന്റെ കാരണങ്ങൾ പലതാണ്.
കോളേജ് ക്ലാസ് മുറിയിൽ പിറന്ന ആശയം
വിശ്വസിക്കാൻ പ്രയാസമായിരിക്കും, പക്ഷെ ഹൈലാൻഡറിന്റെ കഥ പിറന്നത് ഒരു കോളേജ് വിദ്യാർത്ഥിയുടെ ഭാവനയിലാണ്. കാലിഫോർണിയ സർവകലാശാലയിലെ (UCLA) സ്ക്രീൻ റൈറ്റിംഗ് ക്ലാസ്സിന്റെ ഭാഗമായി ഗ്രിഗറി വൈഡൻ എന്ന വിദ്യാർത്ഥി എഴുതിയ തിരക്കഥയായിരുന്നു അത്. റിഡ്ലി സ്കോട്ടിന്റെ 1977-ൽ പുറത്തിറങ്ങിയ ‘The Duelists’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു വൈഡൻ കഥയ്ക്ക് രൂപം നൽകിയത്.
സ്കോട്ട്ലൻഡിലേക്കുള്ള ഒരു യാത്രയും ലണ്ടൻ ടവറിലെ പുരാതനമായ പടച്ചട്ടകളുടെയും ആയുധങ്ങളുടെയും പ്രദർശനവും കണ്ടതോടെ വൈഡന്റെ മനസ്സിൽ കഥയുടെ പൂർണ്ണരൂപം തെളിഞ്ഞു. നമുക്കിടയിൽ ആരുമറിയാതെ ജീവിക്കുന്ന, നൂറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന അമരന്മാരായ യോദ്ധാക്കൾ! ‘ഷാഡോ ക്ലാൻ’ എന്ന് പേരിട്ടിരുന്ന ആ തിരക്കഥയുടെ ആദ്യരൂപം അക്കാലത്ത് ഒരു വിദ്യാർത്ഥിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയ്ക്കാണ് വിറ്റുപോയത് – രണ്ട് ലക്ഷം ഡോളർ! ചില മാറ്റങ്ങളോടെ ആ തിരക്കഥയാണ് പിന്നീട് ഹൈലാൻഡർ സിനിമ ആയി വെള്ളിത്തിരയിലെത്തിയത്.
അമരത്വത്തിന്റെ കഥ, കാലത്തിന്റെ കണ്ണാടി
ന്യൂയോർക്ക് സിറ്റിയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ഒരു ഗുസ്തി മത്സരം നടക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കാണികൾക്കിടയിലിരിക്കുന്ന കോണർ മക്ലിയോഡ് (ക്രിസ്റ്റഫർ ലാംബെർട്ട്) തന്റെ ശത്രുവിന്റെ സാമീപ്യം തിരിച്ചറിയുന്നു. പാർക്കിംഗ് ഗാരേജിൽ വെച്ച് വാളുകൾ ഏറ്റുമുട്ടുന്നു. എതിരാളിയുടെ തലയറുക്കുന്നതോടെ, ഒരു വലിയ ഊർജ്ജപ്രവാഹം (Quickening) ചുറ്റുമുള്ള കാറുകളെയും കെട്ടിടത്തെയും തകർക്കുന്നു. ഈ സംഭവത്തോടെ പോലീസ് മക്ലിയോഡിന് പിന്നാലെ കൂടുന്നു.
ഇവിടെ നിന്നാണ് സിനിമ ഫ്ലാഷ്ബാക്കുകളിലൂടെ സഞ്ചരിക്കുന്നത്. വർത്തമാനകാലത്തെ ന്യൂയോർക്കിലെ അന്വേഷണവും 16-ാം നൂറ്റാണ്ടിലെ സ്കോട്ടിഷ് മലനിരകളിലെ മക്ലിയോഡിന്റെ ജീവിതവും ഇടകലർത്തിയാണ് കഥ പറയുന്നത്.
1536-ൽ സ്വന്തം ഗോത്രത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന മക്ലിയോഡിന് കുർഗൻ എന്ന ഭീകരനായ യോദ്ധാവിൽ നിന്ന് മാരകമായി മുറിവേൽക്കുന്നു. എന്നാൽ അടുത്ത ദിവസം ഒരു പോറൽ പോലുമില്ലാതെ അവൻ ഉയിർത്തെഴുന്നേൽക്കുന്നു. ഇത് കണ്ട് ഭയന്ന ഗ്രാമവാസികൾ അവനെ ദുർമന്ത്രവാദിയെന്ന് മുദ്രകുത്തി പുറത്താക്കുന്നു. പിന്നീട് ഏകാന്ത ജീവിതം നയിക്കുന്ന മക്ലിയോഡിന്റെ മുന്നിലേക്ക് ഒരുനാൾ ഷോൺ കോണറി അവതരിപ്പിച്ച റമിറസ് എന്ന സ്പാനിഷ് യോദ്ധാവ് എത്തുന്നു.
ഗുരുവും വഴികാട്ടിയും
താനും മക്ലിയോഡിനെപ്പോലെ ഒരു അമരനാണെന്നും (Immortal) തലയറുത്താൽ മാത്രമേ തങ്ങളെ കൊല്ലാനാകൂ എന്നും റമിറസാണ് അവനെ പഠിപ്പിക്കുന്നത്. ലോകത്ത് അവരെപ്പോലെ നിരവധി പേരുണ്ടെന്നും, അവസാനത്തെയാൾ മാത്രം ശേഷിക്കുന്നത് വരെ അവർ പരസ്പരം പോരടിക്കണമെന്നുമുള്ള ‘കളി’യുടെ നിയമങ്ങൾ മക്ലിയോഡ് മനസ്സിലാക്കുന്നു.
ഒരമരൻ മറ്റൊരാളെ കൊല്ലുമ്പോൾ, പരാജിതന്റെ ശക്തി വിജയിക്ക് ലഭിക്കുന്നു. ഇതിനെയാണ് ‘ക്വിക്കനിംഗ്’ (Quickening) എന്ന് പറയുന്നത്. കാലങ്ങൾക്കിപ്പുറം, ശേഷിക്കുന്ന അമരന്മാർ അവസാന പോരാട്ടത്തിനായി ഒരുമിച്ചുകൂടുന്ന ‘ഗ്യാദറിംഗ്’ (The Gathering) നടക്കുന്നത് 1980-കളിലെ ന്യൂയോർക്കിലാണ്. ആ പോരാട്ടത്തിൽ ജയിക്കുന്നയാൾക്ക് ലോകത്തെ രക്ഷിക്കാനോ നശിപ്പിക്കാനോ ഉള്ള ശക്തി ലഭിക്കും.
സിനിമയെ അനശ്വരമാക്കിയ ഘടകങ്ങൾ
ഹൈലാൻഡർ ഇന്നും ഓർമ്മിക്കപ്പെടുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ട്. അതിലൊന്ന് അതിന്റെ കഥപറച്ചിലിന്റെ ശൈലിയാണ്. എന്നാൽ അതിനുമപ്പുറം ചില കാര്യങ്ങൾ ഈ സിനിമയെ വേറിട്ടുനിർത്തുന്നു.
- ക്വീനിന്റെ സംഗീതം: സിനിമയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്നത് ഇതിഹാസ ബാന്റായ ക്വീൻ ഒരുക്കിയ സംഗീതമാണ്. ‘Princes of the Universe’, ‘Who Wants to Live Forever’ തുടങ്ങിയ ഗാനങ്ങളില്ലാതെ ഹൈലാൻഡറിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. സിനിമയുടെ ഓരോ രംഗത്തിനും വൈകാരികമായ ആഴം നൽകുന്നതിൽ ഈ സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്.
- ദൃശ്യഭംഗി: ഒരു മ്യൂസിക് വീഡിയോ സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന റസ്സൽ മൽക്കാഹിയുടെ സംവിധാന ശൈലി സിനിമയ്ക്ക് ഒരു പുത്തൻ ഊർജ്ജം നൽകി. വേഗതയേറിയ ക്യാമറ ചലനങ്ങളും, മിന്നൽപ്പിണർ പോലുള്ള എഡിറ്റിംഗും, ക്വിക്കനിംഗ് രംഗങ്ങളിലെ വിഷ്വൽ എഫക്റ്റുകളും അക്കാലത്ത് പുതിയൊരു അനുഭവമായിരുന്നു.
- വൈകാരികമായ ആഴം: അമരനായിരിക്കുന്നതിന്റെ വേദനയും ഈ ഹൈലാൻഡർ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം കൺമുന്നിൽ വാർദ്ധക്യത്തിലേക്ക് കടക്കുകയും മരിക്കുകയും ചെയ്യുന്നത് നോക്കിനിൽക്കേണ്ടി വരുന്ന നായകന്റെ ദുഃഖം പ്രേക്ഷകന്റെ മനസ്സിൽ ഒരു നോവായി അവശേഷിക്കും. ഭാര്യ ഹെതർ വാർദ്ധക്യം ബാധിച്ച് മരിക്കുന്ന രംഗം സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൊന്നാണ്.
ഒന്നാമൻ ഇന്നും ഒരാൾ മാത്രം
ഹൈലാൻഡറിന്റെ വൻ വിജയത്തിനു ശേഷം നിരവധി തുടർഭാഗങ്ങളും ഒരു ലൈവ്-ആക്ഷൻ ടിവി സീരീസും ആനിമേറ്റഡ് സീരീസുമെല്ലാം പുറത്തിറങ്ങി. എന്നാൽ ആദ്യ സിനിമയുടെ തനിമയും കരുത്തും ഒന്നിനും നേടാനായില്ല. വർഷങ്ങളായി ഒരു റീബൂട്ടിനെക്കുറിച്ചുള്ള ചർച്ചകൾ ഹോളിവുഡിൽ സജീവമാണ്. സൂപ്പർമാൻ, ദി വിച്ചർ തുടങ്ങിയവയിലൂടെ പ്രശസ്തനായ ഹെൻറി കാവിൽ നായകനാകുന്ന ഒരു പുതിയ ഹൈലാൻഡർ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
പുതിയ സിനിമകൾ വരുമായിരിക്കാം, പുതിയ നായകന്മാർ ഉദയം ചെയ്യുമായിരിക്കാം. എന്നാൽ ക്രിസ്റ്റഫർ ലാംബെർട്ടിന്റെ കോണർ മക്ലിയോഡും, ഷോൺ കോണറിയുടെ റമിറസും, ക്ലാൻസി ബ്രൗണിന്റെ ക്രൂരനായ കുർഗനും സമ്മാനിച്ച ആ അനുഭവം സവിശേഷമായി നിലനിൽക്കും. കാരണം, നാല് പതിറ്റാണ്ടിനിപ്പുറവും ആ സിംഹാസനത്തിൽ അവകാശവാദം ഉന്നയിക്കാൻ മറ്റൊരാൾ വന്നിട്ടില്ല. ഹൈലാൻഡർ എപ്പോഴും ഒന്നുമാത്രമേയുള്ളൂ. There can be only one!
