ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സമ്മേളനവും പ്രദർശനവുമായ ലീപ് 2024 ന് റിയാദിൽ ഗംഭീര തുടക്കം. ഡിജിറ്റൽ പരിവർത്തനത്തിൽ സൗദി അറേബ്യ കൈവരിച്ച വൻ മുന്നേറ്റത്തെ ഉദ്ഘാടന ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ പ്രശംസിച്ചു.

11.9 ശതകോടി ഡോളറിന്റെ സാങ്കേതിക നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്ന ലീപ് 2024, ഈ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണെന്ന് മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ 10.30ന് റിയാദ് നഗരത്തിൽ നിന്ന് 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് സാങ്കേതികവിദ്യയുടെ അത്ഭുത ലോകം തുറന്നത്. “പുതിയ ചക്രവാളങ്ങൾ” എന്ന പ്രമേയത്തോടെ നടക്കുന്ന സമ്മേളനം ഈ മാസം ഏഴ് വരെ തുടരും. ആദ്യ ദിവസം തന്നെ വൻ ജനപ്രവാഹമാണ് സമ്മേളനത്തിന് സാക്ഷ്യം വഹിച്ചത്.

ഡിജിറ്റൽ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഈ സംഗമം, സാങ്കേതികവിദ്യയുടെ വിവിധ മേഖലകളിൽ നടക്കുന്ന നൂതനമായ പുരോഗതികൾക്ക് വേദി ഒരുക്കുകയും ലോകമെമ്പാടുമുള്ള വിദഗ്ധരെ ഒന്നിച്ച് കൊണ്ടുവരികയും ചെയ്യുന്നു.

സാങ്കേതിക മേഖലയിലെ പ്രഗത്ഭരായ പ്രഭാഷകരും വിദഗ്ധരും വൻകിട കമ്പനി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്‌മാർട്ട് സിറ്റി സാങ്കേതികവിദ്യകൾ, തൊഴിൽശക്തിയിലെ ഡിജിറ്റൈസേഷന്റെയും കൃത്രിമബുദ്ധിയുടെയും സ്വാധീനം, ഗ്രീൻ കമ്പ്യൂട്ടിംഗ്, നവീകരണത്തിന്റെ ഭാവി, തന്ത്രപരമായ പരിവർത്തനം, മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള നിക്ഷേപം എന്നിവയാണ് ആദ്യ ദിവസത്തെ ചർച്ചാ വിഷയങ്ങളിൽ ഉൾപ്പെടുന്നത്.

മൂന്നാം പതിപ്പിൽ, പുതിയ പ്ലാറ്റ്‌ഫോമുകളും തിയേറ്ററുകളും ഉൾപ്പെടുത്തും, കൂടാതെ 10 ലക്ഷം ഡോളറിലധികം സമ്മാനത്തോടെ സ്റ്റാർട്ടപ്പ് കമ്പനികൾക്കായി മത്സരങ്ങളും സംഘടിപ്പിക്കും.

രണ്ട് ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്നാണ് ലീപ് ടെക്‌നോളജി ഉച്ചകോടി 2024 ലെ പ്രതീക്ഷ. 1800-ലധികം പ്രദർശകരും, 1100-ലധികം പ്രഭാഷകരും, 668-ലധികം സ്റ്റാർട്ടപ്പ് കമ്പനികളും 1,38,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കും.

ലീപ് ടെക്നോളജി ഉച്ചകോടി 2024 സന്ദർശിക്കേണ്ടതിനുള്ള വിവരങ്ങൾ:

സമയം: എല്ലാ ദിവസവും രാവിലെ 10:30 മുതൽ വൈകുന്നേരം 7:00 വരെ.

പ്രവേശനം: ബാഡ്ജ് നിർബന്ധമാണ്.

ബാഡ്ജ് നേടുന്നതിനുള്ള വിധം:

  • https://register.visitcloud.com/survey/1wdyt0otti9cd എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
  • രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ, നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഒരു ഡിജിറ്റൽ ബാഡ്ജ് അയച്ചുതരും.
  • മേളയിൽ പ്രവേശിക്കാൻ ഈ ഡിജിറ്റൽ ബാഡ്ജ് സ്കാൻ ചെയ്യേണ്ടതുണ്ട്.

ഷട്ടിൽ ബസ് സർവീസ്:

റിയാദ് നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ നിന്ന് ലീപ് മേള നടക്കുന്ന മൽഹമിലേക്ക് ഷട്ടിൽ ബസ് സർവീസ് ലഭ്യമാണ്:

  • അമീറ നൂറ യൂണിവേഴ്സിറ്റി: റിയാദ് എയർപോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.
  • ഗാർഡനീയ മാൾ: എക്സിറ്റ് 8 ൽ സ്ഥിതി ചെയ്യുന്നു (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്).

ബസ് സമയം:

  • മൽഹമിലേക്ക്: രാവിലെ 9:30 മുതൽ വൈകുന്നേരം 5:10 വരെ.
  • തിരികെ: ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 8:00 വരെ.

ബസ് ഫ്രീക്വൻസി: ഓരോ 20 മിനിറ്റിലും.

ടാക്സി ഓഫർ:

കരീം ടാക്സി ബുക്ക് ചെയ്യുന്നവർക്ക് ടാക്സി ചാർജിൽ 50 റിയാൽ ഇളവ് ലഭിക്കും.